സംസ്കൃതവും നിളാ പൈതൃകവും

സംസ്കൃതവും നിളാ പൈതൃകവും



ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336


    മലയാള ഭാഷക്കും സാഹിത്യത്തിനും സംസ്കാരത്തിനും മഹത്തായ പൈതൃകം അവകാശപ്പെടാവുന്നത്പോലെ മലയാളത്തിന്‍റെ മാതൃസ്ഥാനിയായ സംസ്കൃത ഭാഷയെ പോഷിപ്പിക്കുന്നതിനും ഭാരതപ്പുഴയുടെ തീരങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സംസ്കൃതഭാഷയും നിളാ പാരമ്പര്യവും സംവദിമ്പോള്‍ മേല്‍പ്പത്തൂരിന്‍റെ ഗുരുവായ തിരൂര്‍ പൊന്നാനിപ്പുഴ ഓരത്തെ തൃക്കണ്ടിയൂരിലെ അച്യുത പിഷാരടിയാണ് പ്രഥമമായി നിനവില്‍വരുന്നത്. വൈയാകരണന്‍, ജ്യോതിശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ അതിപ്രശസ്ഥനായ പണ്ഡിതശ്രേഷ്ഠനായിരുന്നു പിഷാരടി.  അദ്ദേഹത്തിന്‍റെ څകരണോത്തമംچ ജ്യോതിര്‍ഗണനത്തേയും ഉപരാഗ ക്രിയാക്രമം ഗ്രഹണഗണനത്തേയും പ്രതിപാദിക്കുന്ന വിശിഷ്ട കൃതികളാണ്. 

    ഈ ഭാഷാ പഠനത്തിന് അവിസ്മരണീയ സേവനങ്ങള്‍ അര്‍പ്പിച്ച മറ്റൊരു പ്രതിഭാശാലിയാണ് പുന്നശ്ശേരി  നീലകണ്ഠ ശര്‍മ്മ. സ്വജീവിതത്തില്‍ വലിയൊരു ഭാഗം സംസ്കൃത ഭാഷക്കും വിജ്ഞാന പരിപോഷണത്തിനും സമര്‍പ്പിച്ച അദ്ദേഹം 1858 ജൂണ്‍ 17ന് നിളയുടെ ഓരത്ത് പട്ടാമ്പി പെരുമുടിയൂരില്‍ പുന്നശ്ശേരി ഇല്ലത്ത് ജനിച്ചു. പുന്നശ്ശേരി നമ്പിയെന്നും കേള്‍വിപ്പെട്ടു. പ്രഭുത്വ വിഭാഗത്തിനെതിരെ നിലകൊണ്ടവരില്‍ പ്രഥമ ഗണനീയനായ അദ്ദേഹം 1883 ല്‍ വിദ്യാഭ്യാസ പത്രപ്രവര്‍ത്തന രംഗത്ത് പരിവത്തനത്തിന് തുടക്കംകുറിച്ചു.

    പെരുമുടിയൂരില്‍ 1889 ല്‍ സ്ഥാപിച്ച സരസ്വതോദ്യോദിനി പാഠശാലയാണ് പിന്നീട് പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളേജായി വളര്‍ന്ന് വികസിച്ചത്. ആരംഭത്തില്‍ ഈ പാഠശാല നിളാ തീരത്തെ നളന്ദ എന്നറിയപ്പെട്ടു. ഭാരതത്തിന്‍റെ പല ഭാഗത്ത് നിന്നും പഠിതാക്കള്‍ ഇവിടെയെത്തി. ഇപ്പോള്‍ ഈ ഏരിയയില്‍  ഓറിയന്‍റല്‍ ഹൈസ്ക്കൂളുണ്ട്. വിജ്ഞാനചിന്താമണി ആശുപത്രിയും, പ്രിന്‍റിങ്ങ് പ്രസ്സും സ്ഥാപിച്ചു. സവര്‍ണ്ണര്‍ക്ക് മാത്രം അവകാശപ്പെട്ടിരുന്ന വിജ്ഞാനത്തെ അദ്ദേഹം ജാതി-മതഭേദമന്യേ സര്‍വ്വര്‍ക്കും ലഭിക്കാന്‍ അവസരം ഒരുക്കി. സ്ത്രീകക്ക് പ്രവേശനം നല്‍കി വൈജ്ഞാനികരംഗത്തെ അസന്തുലിതാവസ്ഥയുടെ വിടവ് നികത്തി. നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തെ പരിഷ്കരിച്ചു. 

    സംസ്കൃതത്തിലും, ജോത്സ്യത്തിലും അഗാധ പാണ്ഡിത്യം നേടിയ  പുന്നശ്ശേരിനമ്പി, വ്യാകരണം, വൈദ്യം, കാവ്യം തുടങ്ങിയ വൈജ്ഞാനിക മേഖലകളിലും പാദമുദ്ര ചാര്‍ത്തി. മണിപ്രവാള ശൈലിയിലായിരുന്നു രചനകള്‍ അധികവും. ഈഹാപുര്യാരാസ്തവം, ഘോഷപുര മഹാരാജ്ഞീചരിത്രം, ശൈലാബ്ധീശ്വരശതകം, ചമത്കാര ചിന്താമണി, ജ്യോതിശാസ്ത്ര സുബോധിനി, സാഹിത്യ രത്നാവലി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മണിപ്രവാള വിഭാഗമായ ഉത്തമ കല്‍പത്തില്‍ നിന്നുള്ള ധാരാളം ഉദാഹരണ ശ്ലോകങ്ങള്‍ രചനകളില്‍ ചേര്‍ത്തത് കാണാം. കോട്ടക്കല്‍ ആര്യവൈദ്യശാല അദ്ധ്യക്ഷന്‍, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ പല പദവികളും വഹിച്ചു. 1934 സെപ്റ്റംബര്‍ 14 ന് അന്തരിച്ചു. 


നീലകണഠശര്‍മ്മയെ കുറിച്ച് കലക്ടര്‍ ടോറണ്‍ സായിപിന്‍റെ പ്രസംഗം ഇങ്ങനെ സംഗ്രഹിക്കാം :

    സാമൂതിരിയുടെ സ്വത്തുവഹകളിലും മറ്റും നിയന്ത്രണാധികാരം കൂടിയുണ്ടായിരുന്ന സാമൂതിരി എസ്റ്റേറ്റ് കലക്ടര്‍ തോറന്‍ സായ്പ് 1916 ജൂണ്‍ ആദ്യവാരത്തില്‍ പട്ടാമ്പി സംസ്കൃത കോളേജ് ഡേയില്‍ ചെയ്ത താഴെ പ്രസംഗത്തില്‍നിന്ന് അന്നത്തെ ഭാഷാ ശൈലിയും ഇപ്പോഴത്തെ ശൈലിയും മൊഴിമാറ്റ രീതിയും സംസ്കൃത ഭാഷയുടെ മാഹാത്മ്യവും ഗ്രഹിക്കാന്‍ ഉതകും. പ്രസംഗത്തിന്‍റെ പ്രസക്തഭാഗം ഇങ്ങനെ.

    ഇന്നത്തെ പ്രസംഗം മലയാളത്തില്‍ ചെയ്യണമെന്നായിരുന്നു ആദ്യം വിചാരിച്ചതെങ്കിലും തൂടര്‍ന്നുള്ള ആലോചന കൊണ്ട് ഇംഗ്ലീഷില്‍ തന്നെ ആക്കുവാന്‍ നിശ്ചയിച്ചു. ഈ സഭയുടെ അദ്ധ്യക്ഷനായി മിസ്റ്റര്‍ പുന്നശ്ശേരി നമ്പി എന്നെ ക്ഷണിച്ചപ്പോള്‍ ആ ക്ഷണം സ്വീകരിക്കുന്നതിനു എനിക്ക് വളരെ സന്തോഷമുണ്ടായിരുന്നു. അതിനു പ്രധാനമായി രണ്ടു കാരണങ്ങളുണ്ട്.  ഒന്നാമതായി പുന്നശ്ശേരി നമ്പിയുടെ വംശവും സാമൂതിരി രാജ സ്വരൂപവും തമ്മില്‍ പണ്ടേക്കു പണ്ടേ പരസ്പരം വലുതായ ഒരു ബന്ധമുണ്ട്. 

    രണ്ടാമത് നീലകണ്ഠശര്‍മ്മാ അവര്‍കള്‍ തീപ്പെട്ടുപോയ വിദ്വാന്‍ സാമൂതിരിപ്പാടിന്‍റെ വിശ്വസ്തനായ സ്നേഹിതനാണ്. ഈ സ്ഥിതിക്ക് സാമൂതിരി എസ്റ്റേറ്റ് കലക്ടറായ എനിക്ക് ഈ ക്ഷണം സ്വീകരിക്കുന്നത് ഉചിതവും സന്തോഷവുമായ ഒരു സംഗതിയാണെന്ന് പറയേണ്ടതില്ലല്ലോ. ഒരു യൂറോപ്യന്‍ ഒരു സംസ്കൃത കോളേജ് സഭക്ക് സഭാനാഥനായിരിക്കുന്നത് അത്ര ഉചിതമല്ലെന്നും, പക്ഷേ നിങ്ങള്‍ക്ക് തോന്നുമായിരിക്കും എന്നാല്‍, സംസ്കൃതഭാഷക്കും എനിക്കും തമ്മില്‍ അല്പമായ ഒരു ചേര്‍ച്ച ഇല്ലെന്നു പറഞ്ഞുകൂടാ. ബിലാത്തിയില്‍വെച്ച ഒരു കാലത്തു ഞാന്‍ സംസ്കൃതം പഠിക്കുകയുണ്ടായി. സംസ്കൃതത്തിലെ വ്യാകരണം പഠിച്ചുതീര്‍ത്തതില്‍ പന്തീരാണ്ടു കാലം പഠിക്കേണ്ടി വരുമെന്ന് അന്ന് എനിക്ക് അറിയാനിടയായി. അതുകൊണ്ടു ഞാന്‍ ആ പരിശ്രമത്തില്‍ നിന്നു പിന്‍വലിക്കുകയാണുണ്ടായത്. ബിലാത്തിയില്‍ ലാറ്റിന്‍ ഭാഷയും ഗ്രീക്ക് ഭാഷയും ഏതുനിലയിലിരിക്കുന്നുവോ ആ നിലയിലാണ് ഇന്ത്യന്‍ സംസ്കൃത ഭാഷ സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് യൂറോപ്യന്‍ ലാറ്റിനും ഗ്രീക്കും പഠിക്കുന്നതുപോലെ ഇന്ത്യക്കാര്‍ സംസ്കൃതവും പഠിക്കേണ്ടതാണ്. എന്നിരിക്കെ കൂടി മലയാളികള്‍ ഈ ഭാഷയെ മതിയാംവണ്ണം  ആദരിക്കുന്നില്ലെന്നുള്ള സംഗതി എത്രയും വ്യസനകരമാകുന്നു. 

    ഇന്ത്യയില്‍ വിദ്യാഭ്യാസത്തിന് പ്രചാരവും പരിഷ്ക്കാരവും വന്നതു പോരെന്നും, കുറെകൂടി അതിന് പ്രചാരം വരുത്തേണമെന്നും ഒരഭിപ്രായം ഇപ്പോള്‍ പരക്കെ ഉണ്ടായിട്ടുണ്ട്. ഈ അഭിപ്രായം ഇയ്യിടെ പാലക്കാട് കൂടിയ മലബാര്‍ ഡിസ്ട്രിക്ട് കോണ്‍ഫറന്‍സിന്‍റെയും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി കാണുന്നു. പക്ഷേ, അവരുടെ ആലോചന വിഷയീഭവിക്കുന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമാണെന്നു തോന്നുന്നു എന്നാല്‍ ഇതുപോലെ തന്നെ സംസ്കൃത ഭാഷയെയും അധികം പ്രചാരത്തില്‍ കൊണ്ടുവരാമെന്ന് പലരും പറയുന്നു. ഇപ്പോഴത്തെ  സ്ഥിതിക്ക് ഉപജീവനത്തിനുവേണ്ടിയുള്ള  വിദ്യാഭ്യാസത്തെക്കാള്‍ അറിവിനുവേണ്ടിയുള്ള വിദ്യാഭ്യാസത്തിന്നാണ് അധികം ശ്രേഷ്ഠത. 

    1 ഇംഗ്ലീഷ് 2 സയന്‍സ് 3 വാണിജ്യം 4 സംസ്കൃതം മുതലായ ഈ നാലു ദിക്കുകളാണ് വിദ്യാഭ്യാസം പ്രചാരത്തിലെത്തേണ്ടത്. ഇപ്പറഞ്ഞതില്‍ സംസ്കൃതം തുടങ്ങിയ പ്രാചീന ഭാഷകളുടെ അഭ്യാസം ഇക്കാലത്തു കുറവായിട്ടാണിരിക്കുന്നത്. എന്നാല്‍ മറ്റു മൂന്നുതരം അഭ്യാസങ്ങളും ശരിയായി നടന്നാല്‍ കൂടി സംസ്കൃതം മുതലായവയുടെ അഭ്യാസം ഇല്ലാതെ പോകുന്ന ഇന്ത്യയില്‍ ഏതുവിധത്തിലും സംസ്കൃതം പഠിക്കേണ്ടതിന്‍റെ ആവശ്യകതയെപറ്റി ചില കാരണങ്ങള്‍ ഞാന്‍ പറയാം. 

    സംസ്കൃത വിദ്യാഭ്യാസം ധനലാഭത്തിന് അത്ര മതിയായതല്ലായിരിക്കാം. എന്നാല്‍  മറ്റേത് പഠിപ്പുകൊണ്ടും ഉണ്ടാവാത്തവയായ നാലു പ്രയോജനങ്ങള്‍ ഈ പഠിപ്പുകൊണ്ടും സിദ്ധിക്കുവാനും ഒന്നാമത് ശരിയായ കാവ്യം അറിയുന്നതിന് സംസ്കൃതം വേണം. രണ്ടാമത് മലയാള സാഹിത്യം ശരിയായി പഠിപ്പിക്കുന്നതിന് സംസ്കൃതം കൂടാതെ കഴിയില്ല. സംസ്കൃതത്തിലെ സാഹിത്യം എത്രയും ശ്രേഷ്ഠമാകുന്നു. ഹിന്ദു മതത്തെക്കുറിച്ച് ബോധം ഉണ്ടാവുന്നതിനും സംസ്കൃത വിദ്യാഭ്യാസം കൂടിയേ കഴിയൂ. ഇപ്പോള്‍ മതസംബന്ധമായ തലങ്ങള്‍ സ്ക്കൂളുകളില്‍ പഠിപ്പിക്കുന്നില്ല. കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് കിട്ടുന്ന അറിവ് അല്ലാതെ സംസ്കൃത ഭാഷയില്‍ അറിവ് ലഭിക്കല്‍ കുറവാണ്.  എന്നാല്‍ ഇംഗ്ലീഷ് സാഹിത്യത്തിനാസ്പദമായിട്ടുള്ളത് റോമന്‍ സാഹിത്യമാണ്. ഗ്രീക്ക് ഭാഷയിലും റോമന്‍ ഭാഷയിലുമുള്ള കൃതികള്‍ക്ക് സംസ്കൃത കൃതികളോട് വളരെ സാമ്യമുണ്ട്. അതുകൊണ്ട് ആ വക കൃതികള്‍ വായിക്കുന്നവര്‍ക്ക് കൂടി സംസ്കൃത കൃതികള്‍ അത്യാവശ്യമാണ്. 

    മൂന്നാമത് ജ്യോതിഷം ശരിയായി പഠിക്കുന്നതിനും സംസ്കൃതം അത്യാവശ്യമാണ്. പാശ്ചാത്യന്‍മാരായ ചിലര്‍ക്ക് ജ്യോതിഷത്തെപ്പറ്റി കുറെ പുച്ഛമുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ ആ ശാസ്ത്രം പഠിക്കുന്നതിന് അര്‍ഹതയില്ലാത്തവര്‍ യഥാവിധി അല്ലാതെ അതു പഠിക്കുകകൊണ്ടാണ് ഈ പുച്ഛം ഉണ്ടാവാന്‍ ഇടയായത്.മലയാളികള്‍ക്ക് യഥാര്‍ത്ഥമായ ജ്യോതിഷത്തോട്  പറയത്തക്കതായ ഒരു ബന്ധമുണ്ട്. അതുകൊണ്ട് ,യഥാര്‍ത്ഥമറിയാതെ പുച്ഛിക്കുന്നത് സാഹസമാണ്. 

    നാലാമതു വൈദ്യശാസ്ത്രം പഠിക്കുന്നതിനും സംസ്കൃത ഭാഷാ ജ്ഞാനം അറിഞ്ഞു കൂടാത്തതിനാണ്. ഇന്ത്യയിലെ വൈദ്യശാസ്ത്രം  ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ സകല ശാസ്ത്രങ്ങളിലും പഴയതുമാണ്. ഈ വൈദ്യശാസ്ത്രത്തെപ്പറ്റി എത്രയും വലിയ അഭിപ്രായമാണ് എനിക്കുള്ളത്. ഇപ്പോഴത്തെ സ്ഥിതി നോക്കിയാല്‍ ഇവിടങ്ങളില്‍ വൈദ്യവും ജ്യോതിഷവും കൊണ്ടുനടക്കുന്നവരായ പലര്‍ക്കും തക്കതായ രീതിയില്‍ സംസ്കൃതം പരത്തുകയാണ് വേണ്ടത്. എന്‍റെ പ്രസംഗം അവസാനിക്കുന്നതിന് മുമ്പില്‍ പ്രിന്‍സിപ്പാളായ മിസ്റ്റര്‍ നീലകണ്ഠശര്‍മ്മാവിനെപ്പറ്റി രണ്ടുവാക്ക് പറഞ്ഞുകൊള്ളുന്നു.  ഞാന്‍ ഉദ്യോഗസ്ഥനാണെന്ന് സമ്മതിക്കാതെ കഴിയില്ല.

    ഇന്ത്യയില്‍ ഏതു കാര്യം നടത്തുന്നതിനും ഉദ്യോഗസ്ഥന്‍മാരുടെ സഹായം വേണമെന്ന് പറയുന്നു.  ജനങ്ങള്‍ സ്വയം ആ പണിയെടുത്തു ഒരു കാര്യം നടത്തുന്നത് വളരെ അപൂര്‍വ്വമാണ്. ഈ കോളേജിനെ സംബന്ധിച്ചിടത്തോളം പറയുമ്പോള്‍ മിസ്റ്റര്‍ ശര്‍മ്മാവിന്‍റെ സ്വന്തം പ്രയത്നം കൊണ്ടാണ് ഈ കോളേജ് നന്നായി നടക്കുന്നതെന്ന് പറയേണ്ടി വന്നതില്‍ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. മിസ്റ്റര്‍ ശര്‍മ്മാവിനെ ഈ കാര്യത്തില്‍ വളരെ അഭിനന്ദിക്കേണ്ടതാണ്. അദ്ദേഹം സ്വന്തമായി വളരെ പ്രയത്നം ചെയ്തിട്ടുണ്ടെങ്കിലും വിജയം നേടുന്നതായി കാണുന്നത് ആശ്വാസം തന്നെ. 

    ഇതിന് ഇനി ഒന്നുകൂടി പറയാനുണ്ട്. അതു ഞാന്‍ സ്വന്തമായി പറയുന്നതല്ലാതെ മിസ്റ്റര്‍ ശര്‍മ്മാവിന്‍റെ പ്രേരണകൊണ്ട് പറയുന്നതല്ലെന്ന് പ്രത്യേകം പ്രസ്താവിച്ചു കൊള്ളുന്നു. മലയാളികള്‍ ഈ കോളേജിനെ ആദരിക്കുന്നത് പോരെന്നാണ് എനിക്ക് തോന്നുന്നത്  പക്ഷേ മിസ്റ്റര്‍ ശര്‍മാ താന്‍ തന്നെ സര്‍വ്വദിക്കിലും പോയി തന്‍റെ പ്രയത്നത്തെ പുകഴ്ത്തി പറയാത്തതു കൊണ്ടായിരിക്കാം എല്ലാവരും അദ്ദേഹത്തെ അറിഞ്ഞു സഹായിക്കാത്തത്. ഏതായാലും അദ്ദേഹത്തിന് ഈ പ്രയത്നം കൊണ്ട് നഷ്ടപ്പെടാതെ കഴിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് ഞാനെന്‍റെ സ്വന്തം നിലയില്‍ പ്രബലമായി അഭിപ്രായപ്പെടുന്നു.


റഫറന്‍സ്


1. കേരള ചരിത്രല - പ്രൊഫ. എ. ശ്രീധരമേനോന്‍






Comments

Popular posts from this blog

നിളാതീരത്തെ വൈജ്ഞാനിക പെരുമ

സാമൂതിരിയും മതസാഹോദര്യവും

മലയാളഭാഷയും നിളാ പൈതൃകവും